go

ഒല്ലൂർ കോളജിന് ട്രാൻസ്ഫർ!

thrissur-ollur-college
ഒല്ലൂർ ഗവ. കോളജ് ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടം
SHARE

ഒല്ലൂർ∙ സ്ഥലപരിമിതി മൂലം വിദ്യാർഥികൾ ദുരിതത്തിൽ കഴിയുന്ന ഒല്ലൂർ ഗവ. കോളജ് അഞ്ചര ഏക്കർ സ്ഥലത്തേക്ക് മാറുന്നു. ഒല്ലൂരിലെ വൈലോപ്പിള്ളി സ്കൂൾ കോംപൗണ്ടിൽ താൽക്കാലികമായി പ്രവർത്തിക്കുന്ന കോളജ് മണ്ണുത്തിക്കു സമീപത്തുള്ള കൂട്ടാലയിലേക്കാണു മാറുന്നത്. ഇതിനു വേണ്ടി കണ്ടെത്തിയ സ്ഥലം വാങ്ങാൻ സർക്കാർ ഭരണാനുമതി നൽകി. കിഫ്ബി ഫണ്ടിൽ നിന്നു ഇതിനുവേണ്ടി 10 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. അടുത്ത ദിവസങ്ങളിൽ കിറ്റ്കോ സംഘം സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകുന്നതോടെ സ്ഥലം വാങ്ങുന്നതിനുള്ള നടപടികൾ പൂർത്തിയാകും.

thrissur-visit
കൂട്ടാലയിൽ ഗവ. കോളജിനു കണ്ടെത്തിയ സ്ഥലത്ത് അധികൃതർ സന്ദർശിക്കുന്നു.(ഫയൽ ചിത്രം)

പിന്നീട് കൂടുതൽ ഫണ്ട് അനുവദിച്ച് കെട്ടിടം നിർമിച്ചതിനു ശേഷമേ കോളജ് ഒല്ലൂരിൽ നിന്നു മാറുകയുള്ളു. നിലവിൽ സർക്കാർ കോളജുകൾ ഇല്ലാത്ത മേഖലയിലേക്കാണ് ഒല്ലൂർ ഗവ. കോളജ് മാറുന്നത്. വഴക്കുംപാറ, താളിക്കോട്, മണ്ണുത്തി എന്നിവിടങ്ങളിൽ ഇപ്പോൾ മൂന്ന് സ്വാശ്രയ കോളജുകൾ നിലവിലുണ്ട്. കാർഷിക, വെറ്ററിനറി കോളജുകളിലും ബിരുദ പഠനം നിലവിലുണ്ടെങ്കിലും അത് ലഭിക്കണമെങ്കിൽ എൻട്രൻസ് കടമ്പ കടക്കണം.

എല്ലാ നിയോജക മണ്ഡലങ്ങളിലും ഗവ. കോളേജ് എന്ന പദ്ധതിയുടെ ഭാഗമായി ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് ഒല്ലൂരിലേക്ക് കോളജ് അനുവദിച്ചത്. തുടർന്ന് വൈലോപ്പിള്ളി ഗവ. സ്കൂളിനോട് ചേർന്ന് ഉപയോഗിക്കാതെ കിടന്നിരുന്ന കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടത്തി അവിടെ കോളജ് ആരംഭിക്കുകയായിരുന്നു. എന്നാൽ 6 ക്ലാസ്മുറികൾ മാത്രമുള്ള കോളജിൽ 350 വിദ്യാർഥികളുടെ പഠനം ഏറെ ദുഷ്കരമായിരുന്നു. മാത്രമല്ല

ലൈബ്രറി അടക്കമുള്ള അനുബന്ധ സൗകര്യങ്ങൾ ഒരുക്കാനും ഏറെ ബുദ്ധിമുട്ടിയിരുന്നു. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ വേണ്ട സൗകര്യങ്ങളും നിലവിലുണ്ടായിരുന്നില്ല. കഴിഞ്ഞ അഞ്ചു വർഷമായി ഇത്തരം ദുരിതങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് വിദ്യാർഥികളും അധ്യാപകരും.പുതിയ കെട്ടിടം നിർമിച്ച് അവിടേക്ക് മാറുന്നതിന് എത്ര വർഷങ്ങൾ എടുക്കും എന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama