go

നായ്ക്കളെ അഴിച്ചുവിട്ടു, വടിവാൾ വീശി; ഭീകരാന്തരീക്ഷം...

Thrissur News
പഴയന്നൂർ രാജ് റീജൻസി ഹോട്ടലിൽ നായ്ക്കളും വടിവാളുമായി ആക്രമണത്തിനെത്തിയ യുവാക്കളുടെ സിസിടിവി ദൃശ്യം.
SHARE

പഴയന്നൂർ ∙ വടിവാളുമായി എത്തിയ 2 യുവാക്കൾ 4 ജർമൻ ഷെപ്പേർഡ് നായ്ക്കളെ അഴിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബാർ ഹോട്ടൽ അടിച്ചുതകർത്തു. ബിൽ തുക നൽകാനില്ലാത്ത യുവാക്കളിൽനിന്നു പരിചാരകൻ മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതാണ് പ്രകോപനമായത്. ഒരു മണിക്കൂറിനുശേഷം ഷർട്ട് ധരിക്കാതെ നായ്ക്കളുമായി ഹോട്ടലിലെത്തിയ ഇവർ വടിവാൾ ഉപയോഗിച്ചു കംപ്യൂട്ടർ, നൂറു കണക്കിനു ഗ്ലാസുകൾ, ബീയർ–സോഡാക്കുപ്പികൾ, ഫർണിച്ചർ എന്നിവ വെട്ടിനശിപ്പിച്ചു. ഒന്നരലക്ഷം ര‍ൂപയുടെ നഷ്ടം കണക്കാക്കുന്നു. രാജ് റീജൻസി ഹോട്ടലിലാണ് സംഭവം.

വെള്ളി രാത്രി പത്തേമുക്കാലോടെയാണ് സംഭവം. വൈകിട്ടു നാലുമുതൽ രാത്രി ഒൻപതുവരെ യുവാക്കൾ ബാറിലിരുന്നു മദ്യപിച്ചതായി ജീവനക്കാർ പറയുന്നു. ബിൽതുകയായ 950 രൂപ ആവശ്യപ്പെട്ടപ്പോൾ പണമില്ലെന്നായിരുന്നു മറുപടി. യുവാക്കളുടെ മൊബൈൽ ഫോൺ പരിചാരകൻ പിടിച്ചുവച്ചു. ഇതോടെ ഉന്തും തള്ളുമുണ്ടായി. ഭീഷണി മുഴക്കിയ യുവാക്കൾ സ്ഥലംവിടുകയും ചെയ്തു. പത്തേമുക്കാലോടെയാണ് ഇവർ വീണ്ടുമെത്തിയത്. ഷർട്ട് ധരിക്കാതെ കയ്യിൽ വടിവാളുമായി നായ്ക്കളെയും കൊണ്ടായിരുന്നു വരവ്. ലോക്കൽ ബാറിനുള്ളിൽ കയറിയശേഷം നായ്ക്കളെ അഴിച്ചുവിട്ടു. ഇവ കുരച്ചുചാടി പാഞ്ഞതോടെ മദ്യപ‍ിക്കാനെത്തിയവരും ജീവനക്കാരും ജീവനുംകൊണ്ടോടി. 

ഈസമയം യുവാക്കൾ ജീവനക്കാരെ വലിച്ചുനിലത്തിടുകയും കണ്ണിൽ കണ്ടതെല്ലാം വടിവാൾ ഉപയോഗിച്ചു നശിപ്പിക്കുകയും ചെയ്തു. ബാറിൽനിന്നു റസ്റ്ററന്റിലേക്കു നീങ്ങിയ ഇവർ മുന്നിലെ വലിയ ഗ്ലാസ്‌വാതിൽ വടിവാൾകൊണ്ട് തകർത്തു. ഹോട്ടൽ മാനേജർ മുകളിലെ നിലയിൽ കയറി രക്ഷപ്പെട്ടു. പൊലീസ് എത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഹോട്ടലിലെ പാചകക്കാരനായ ഒഡീഷ സ്വദേശി സുഭാഷിന്റെ (45) കയ്യിൽ വാൾകൊണ്ടു പരുക്കേറ്റു. പരിചാരകൻ കൃഷ്ണൻകുട്ടി (45), സെക്യൂരിറ്റി ജീവനക്കാരൻ രാധാകൃഷ്ണൻ (55) എന്നിവർക്കും പരുക്കുണ്ട്. വെള്ളപ്പാറയിൽ നായ്ക്കളെ പരിശീലിപ്പിക്കാൻ എത്തിയവരാണ് അക്രമികളെന്നു വിവരമുണ്ട്. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് സിഐ എം. മഹേന്ദ്രസിംഹ അറിയിച്ചു. 

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama