go

ഓർമക്കരുത്തായി അച്ഛൻ; അഭിരാമി ‘ബെസ്റ്റ് ലിഫ്റ്റർ’

thrissur-abhirami-mathew
അഭിരാമി പി. മാത്യു, പി.കെ. മാത്യു
SHARE

തൃശൂർ ∙ തികച്ചും അപ്രതീക്ഷിതമായി ജീവിതത്തിൽനിന്ന് വേർപിരിഞ്ഞ പിതാവിന്റെ ഓർമകൾ ഭാരമുയർത്തുമ്പോഴും അഭിരാമിയെ തളർത്തിയില്ല. മകളെ മികച്ച വെയ്റ്റ് ലിഫ്റ്ററാക്കണമെന്ന് ആഗ്രഹിച്ച ആ പിതാവിനെ മനസ്സിൽ ഓർത്ത് അഭിരാമി പി. മാത്യു ഉയർത്തിയത്163 കിലോഗ്രാം. ഒപ്പം നേടിയത് ബെസ്റ്റ് ലിഫ്റ്റർ പുരസ്കാരവും. പിതാവിന്റെ മരണം കഴിഞ്ഞ് ദിവസങ്ങൾക്കകമാണ് അഭിരാമി മത്സരവേദിയിലെത്തി മികച്ച താരമായത്.

ശനിയാഴ്ച ഇവിടെ നടന്ന കാലിക്കറ്റ് സർവകലാശാല വനിതാ വെയ്റ്റ് ലിഫ്റ്റിങ് ചാംപ്യൻഷിപ്പിലായിരുന്നു ദേശീയതാരം കൂടിയായ അഭിരാമിയുടെ നേട്ടം. കോട്ടയം കാനം പൂവത്തിങ്കൽ കുടുംബാംഗമായ അഭിരാമി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ബികോം രണ്ടാംവർഷ വിദ്യാർഥിനിയാണ്. ഹാർബിൻ സി. ലോനപ്പനാണ് പരിശീലകൻ.മസ്ക്കത്തിൽ ജോലിചെയ്യുന്ന പിതാവ് പി.കെ. മാത്യു ഹൃദയാഘാതംമൂലം കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്. മൃതദേഹം നാട്ടിൽ കൊണ്ടുവന്നത് ബുധനാഴ്ച. 

അന്നുതന്നെ സംസ്കാരം. ചടങ്ങുകൾക്കുശേഷം വെള്ളിയാഴ്ച അഭിരാമി തൃശൂരിലേക്കു മടങ്ങി. ശനിയാഴ്ച നടന്ന മത്സരത്തിലായിരുന്നു നേട്ടം. 50 പേരാണ് ചാംപ്യൻഷിപ്പിൽ പങ്കെടുത്തത്. 55 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച അഭിരാമി സ്നാച്ചിൽ 73 കിലോഗ്രാം ഭാരവും ക്ലീൻ ആൻഡ് ജെർക്കിൽ 90 കിലോഗ്രാമുമാണ് ഉയർത്തിയത്. സ്കൂൾതലത്തിൽ ദേശീയ ചാംപ്യനായിരുന്നു. തൃശൂർ വിമല കോളജിൽ ബിരുദം പൂർത്തിയാക്കിയ സഹോദരി ആതിരയും വെയ്റ്റ് ലിഫ്റ്റിങ് താരമാണ്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama