go

പഞ്ചാമൃതത്തിൽ സയനൈഡ് ചേർത്ത് ഇരട്ടക്കൊലപാതകം, ഒടുവിൽ കവർച്ചയ്ക്കിടെ പിടിയിൽ

Handcuff
ശരവണൻ.
SHARE

തൃശൂർ ∙ പഞ്ചാമൃതത്തിൽ സയനൈഡ് ചേർത്ത് ഭാര്യാപിതാവടക്കം രണ്ടുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി കവർച്ചാ പരമ്പരയ്ക്കൊടുവിൽ പൊലീസ് പിടിയിൽ. കേരളത്തിലെ വിവിധ ജില്ലകളിൽ 60 കവർച്ചകൾ നടത്തിയ തമിഴ്നാട് വില്ലുപുരം വാന്നൂർ കോട്ടക്കരയിൽ ശരവണൻ (54) ആണ് അറസ്റ്റിലായത്. വില്ലുപുരത്തു നിന്നു 450 കിലോമീറ്ററോളം ബസിൽ സഞ്ചരിച്ച് തൃശൂർ അടക്കമുള്ള ജില്ലകളിലെത്തി മോഷണം നടത്തി മടങ്ങുകയായിരുന്നു രീതി.

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ കഴിഞ്ഞിറങ്ങി 15 മാസത്തിനകമാണ് 60 മോഷണക്കേസുകളും. സയനൈഡ് കൊലക്കേസിൽ 2002ലാണ്  ശരവണൻ പൊലീസ് പിടിയിലായത്. 2 വർഷത്തിനു ശേഷം ആദ്യമായി പരോളിൽ പുറത്തിറങ്ങിയപ്പോൾ പാലക്കാട്ടു മാത്രം ഇയാൾ 15 തവണ മോഷണം നടത്തി. എന്നാൽ, തെളിവുകളൊന്നും ശേഷിപ്പിക്കാതെ രക്ഷപ്പെട്ടതിനാൽ കൂടുതൽ കേസുകളിൽ പ്രതിയായില്ല.

ജീവപര്യന്തം ശിക്ഷയ്ക്കൊടുവിൽ കഴിഞ്ഞവർഷം ഓഗസ്റ്റിൽ കടലൂർ സെൻട്രൽ ജയിലിൽ നിന്നു മോചിതനായി. എംജിആറിന്റെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു ജയിൽമോചനം. പിന്നീട് 15 മാസത്തിനിടെ കേരളത്തിലെ വിവിധ ജില്ലകളിലെ ക്ഷേത്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സൂപ്പർമാർക്കറ്റുകൾ, ഓഫിസുകൾ തുടങ്ങിയ സ്ഥലങ്ങളിൽ മോഷണം നടത്തി. മുടിക്കോട്, പേരാമംഗലം, വിയ്യൂർ, മണ്ണാർക്കാട് കൊല്ലങ്കോട്, കൊഴിഞ്ഞാമ്പാറ, നെന്മാറ തുടങ്ങിയ സ്ഥലങ്ങളിലായി 15 ക്ഷേത്രമോഷണങ്ങൾ നടത്തി. പാലക്കാട്ടും തൃശൂരിലുമായി കടകളിലും സ്കൂളുകളിലും പലവട്ടം മോഷണം നടത്തി.

കുന്നംകുളത്തെ മൊബൈൽ കടയിൽ നിന്ന് ഒന്നരലക്ഷം കവർന്നു. തമിഴ്നാട്ടിലും ഇയാൾക്കെതിരെ കേസുകളുണ്ട്. കമ്മിഷണർ ജി.എച്ച്. യതീഷ് ചന്ദ്രയുടെ നിർദേശപ്രകാരം ക്രൈം ബ്രാഞ്ച് എസിപി ശ്രീനിവാസ്, കുന്നംകുളം സിഐ കെ.ജി. സുരേഷ്, എസ്ഐ എം.വി. ജോർജ്, സിറ്റി ക്രൈം ബ്രാഞ്ച് എസ്ഐമാരായ ടി.ആർ. ഗ്ലാഡ്സ്റ്റൺ, എൻ.ജി. സുവൃതകുമാർ, പി.എം. റാഫി, എഎസ്ഐമാരായ കെ. ഗോപാലകൃഷ്ണൻ, പി. രാഗേഷ്, കെ.എം. വർഗീസ്, സിപിഒമാരായ ടി.വി. ജീവൻ, പി.കെ. പഴനിസ്വാമി എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

പഞ്ചാമൃതത്തിൽ സയനൈഡ് ചേർത്ത് ഇരട്ടക്കൊലപാതകം

ഭാര്യയുടെ കുടുംബത്തോടുള്ള വിരോധം തീർക്കാൻ ശരവണൻ കണ്ടെത്തിയ മാർഗമായിരുന്നു സയനൈഡ്. സ്വർണപ്പണിക്കാരനായതിനാൽ സയനൈഡിന്റെ ഉപയോഗം കൃത്യമായി അറിയാമായിരുന്നു. വില്ലുപുരം സവേര പാളയത്തെ ഭാര്യവീട്ടിലെത്തിയ ശേഷം പഞ്ചാമൃതത്തിൽ സയനൈഡ് കലർത്തി ഭാര്യാപിതാവ് ആദിമുളാചാരിക്കും ഭാര്യയുടെ സഹോദരീപുത്രിക്കും നൽകി.

ഭാര്യാപിതാവും പതിമൂന്നുകാരിയായ പെൺകുട്ടിയും കൊല്ലപ്പെട്ടു. 2001 ഓഗസ്റ്റ് 30ന് ആയിരുന്നു സംഭവം. ആദ്യമൊന്നും ശരവണനെ പൊലീസ് സംശയിച്ചിരുന്നില്ല. എന്നാൽ, പ്രതി നാടുവിട്ടുപോയതോടെ സംശയം ഉടലെടുത്തു. 8 മാസത്തിനു ശേഷം അറസ്റ്റിലായി. സ്വർണപ്പണിക്കു കരുതിവച്ചിരുന്ന സയനൈഡാണ് ഉപയോഗിച്ചതെന്ന് ഇയാൾ പിന്നീടു പൊലീസിനു പറഞ്ഞു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama