തൃശൂർ ∙ ആർഎസ്എസ് കാര്യവാഹക് തൊഴിയൂർ സുനിലിനെ വധിച്ച കേസിൽ തീവ്രവാദ സംഘടന ജംഇയ്യത്തുൽ ഇഹ്സാനിയയുടെ ഒരു പ്രവർത്തകൻ കൂടി പിടിയിൽ. ചെറുതുരുത്തി പള്ളം കുളപ്പുറം സലീം (44) ആണ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. തൊഴിയൂർ വധക്കേസിനു ശേഷം ഇയാൾ വിദേശത്തേക്കു കടക്കുകയായിരുന്നു. അതീവ രഹസ്യമായി തിരികെ നാട്ടിലെത്തിയതിനു പിന്നാലെയാണ് അറസ്റ്റ്. 4 പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു.
സുനിലിനെ വധിക്കാൻ നിയോഗിക്കപ്പെട്ട കൊലയാളി സംഘം സഞ്ചരിച്ച ജീപ്പ് ഓടിച്ചത് സലീമായിരുന്നെന്നു ക്രൈം ബ്രാഞ്ച് കണ്ടെത്തി. സംഭവത്തിനു ശേഷം പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതും സലീം തന്നെ. വിദേശത്തേക്കു മുങ്ങിയതിനാൽ സലീമിനെ പിടികൂടാൻ ക്രൈം ബ്രാഞ്ചിനു കഴിഞ്ഞിരുന്നില്ല. തൊഴിയൂർ കേസിനു പുറമെ പുലാമന്തോൾ പാലൂർ മോഹനചന്ദ്രൻ വധക്കേസിലും സലീം പ്രതിയാണ്.
മോഹനചന്ദ്രൻ സഞ്ചരിച്ച സൈക്കിളിൽ ജീപ്പ് ഇടിച്ചു വീഴ്ത്തിയതു താനാണെന്നു സലീം പൊലീസിനോടു സമ്മതിച്ചു. ജംഇയ്യത്തുൽ ഇഹ്സാനിയയുടെ ആത്മീയ നേതാവായി പ്രവർത്തിച്ചിരുന്ന പഴുന്നാന ഹുസൈൻ മുസല്യാർ വിദേശത്ത് ഒളിവിൽ കഴിയുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. സംഭവസമയത്ത് ജനറൽ സെക്രട്ടറിയായിരുന്നു ഇയാൾ.
സമാന രീതിയിലുള്ള ആറു കൊലക്കേസുകളിൽ പ്രധാന പ്രതിയായ സെയ്തലവി അൻവരിയുടെ ഗുരു കൂടിയാണ് ഇയാൾ. തിരൂർ ഡിവൈഎസ്പി കെ.എ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ സിഐ കെ.എം. ബിജു, എസ്ഐ പ്രമോദ്, എഎസ്ഐ ജയപ്രകാശ്, സിപിഒമാരായ രാജേഷ്, പ്രകാശ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.