കൊരട്ടി ∙ ടൈൽ ഫാക്ടറിയിൽ കടന്നുകയറി താവളമുറപ്പിച്ച മലമ്പാമ്പുകളെ പൊലീസ് പിടികൂടി സുരക്ഷിതമായി സംരക്ഷകനുമായ ഫൈസൽ കോറോത്തിന്റെ നേതൃത്വത്തിലാണ് പാമ്പുകളെ പിടികൂടിയത്. വാളൂരിലെ സെന്റ് ഫ്രാൻസിസ് ടൈൽ ഫാക്ടറിയിലാണ് പാമ്പുകൾ രണ്ടും കയറി താവളമാരംഭിച്ചത്. ആൺ പാമ്പിനെ പിടികൂടി പൊലീസ് സംഘം മടങ്ങിയതിനു ശേഷമാണ് പെൺ പാമ്പിനെ കണ്ടെത്തിയത്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഫാക്ടറിയിലെ ഉപയോഗ ശൂന്യമായ സ്ഥലത്ത് വൈക്കോൽ കൂട്ടിയിട്ടിരുന്നു. ഈ ഭാഗം ശുചീകരിക്കുവാൻ എത്തിയ തൊഴിലാളികൾ വൈക്കോലിനുള്ളിൽ ഭീമൻ പാമ്പിനെ കണ്ട് ഭയന്നോടി. വിവരമറിഞ്ഞ ഉടമ ഡേവിസ് ബെന്നി പൊലീസിലെ സുഹൃത്തും പാമ്പുകളടക്കം വന്യ ജീവികളെ രക്ഷപ്പെടുത്തുകയും ചെയ്തിട്ടുള്ള ഫൈസൽ കോറോത്തിനെ വിവരമറിയിച്ചു.
സഹപ്രവർത്തകനായ എസ്ഐ സി.എ. സാദത്തിനൊപ്പം ഫാക്ടറിയിലെത്തിയ ഫൈസൽ ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം പാമ്പിനെ പിടികൂടുകയായിരുന്നു. 10 വയസ് പ്രായം കണക്കാക്കുന്ന ആൺ പാമ്പായിരുന്നു അത്. വനപാലകർക്കു കൈമാറാൻ ഇതിനെ സ്റ്റേഷനിലെത്തിച്ച ശേഷമാണ് ഇതേ പരിസരത്തു തന്നെ മറ്റൊരു പാമ്പിനെ തൊഴിലാളികൾ കണ്ടെത്തുന്നത്. നീണ്ട പരിശ്രമത്തിനൊടുവിൽ രണ്ടാമത്തെ പാമ്പിനെയും ഫൈസൽ പിടികൂടി.
ചാലക്കുടി ഫോറസ്റ്റ് ഫ്ലൈയിങ് സ്ക്വാഡിൽ നിന്ന് സെക്ഷൻ ഓഫിസർ പി.രവീന്ദ്രൻ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പാമ്പുകളെ ഏറ്റുവാങ്ങി. ഇവയെ വനമേഖലയിൽ കൊണ്ടുപോയി തുറന്നു വിടുമെന്ന് വനപാലകർ അറിയിച്ചു. ഈ മേഖലയിൽ മലമ്പാമ്പുകളെ ഒട്ടേറെയിടങ്ങളിൽ നാട്ടുകാരിൽ പലരും കണ്ടതായി വാർത്ത പ്രചരിച്ചിരുന്നു. പാമ്പുകളെ പിടികൂടിയതോടെ ഭീതി ഒഴിവായതായി നാട്ടുകാർ പറഞ്ഞു.