നടവയൽ ∙ കഞ്ചാവ്, ഗുളികകൾ അടക്കമുള്ള ലഹരി മരുന്ന് ലോബികളുടെ ഇടത്താവവളമായി നടവയൽ മേഖല മാറുന്നു.യുവാക്കൾ അടക്കമുള്ള സംഘങ്ങളാണ് മേഖലയിൽ വിവിധ ലഹരി എത്തിക്കുന്നതും വിൽപ്പന നടത്തുന്നതും. പൊലീസിന്റേയും, എക്സൈസിന്റേയും കണ്ണ് വെട്ടിച്ചാണ് വ്യാപാരം. നെയ്ക്കുപ്പ പാലം, ചിറ്റാലൂർക്കുന്ന് ,കായക്കുന്ന് ചെക്കിട്ട , കാവടംഅപ്രോച്ച് റോഡ് ,പൂതാടി ,കോട്ടവയൽ ,തുടങ്ങിയ പ്രദേശങ്ങളിലാണ് ലഹരി മാഫിയയുടെ പ്രവർത്തനം കൂടുതലും.. ബൈരക്കുപ്പ ,ബാവലി ,തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ഏജന്റുമാർ വഴി എത്തിക്കുന്ന കഞ്ചാവ് ബൈക്കിലും സ്കൂട്ടറിലും കാറിലും എത്തിച്ച് സമൂഹ മാധ്യമങ്ങൾ വഴിയാണ് കൈമാറുന്നത്.
ഒരു കേന്ദ്രം ഉറപ്പിച്ച് അവിടെ എത്തി സാധനം കൈമാറുന്ന രീതിയാണെന്ന് നാട്ടുകാർ പറയുന്നു. പോലിസ് കോട്ടവയൽ പ്രദേശത്ത് പരിശോധനകൾ കാര്യക്ഷമമാക്കിയതോടെ സംഘം വിൽപ്പന മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം കാവടംവയലിലെ റോഡരികിൽ സ്വകാര്യ കൃഷിയിടത്തിൽ തമ്പടിച്ച യുവാക്കളെ ചോദ്യം ചെയ്ത സ്ഥലമുടമയെ കാറിടിച്ച് വീഴ്ത്തി രക്ഷപെടാൻ ശ്രമമുണ്ടായി. നാട്ടുകാർ ഇവരെ തടഞ്ഞ് പനമരം പൊലിസിൽ എൽപ്പിക്കുകയായിരുന്നു.
പുൽപ്പള്ളി, കേണിച്ചിറ, നെയ്ക്കുപ്പല മേഖലയിലെ യുവാക്കളാണ് കാറിൽ ഉണ്ടായിരുന്നത്.നടവയൽ മേഖലയിൽ വർദ്ധിച്ചു വരുന്ന മയക്ക് മരുന്ന് ലോബികൾക്കെതിരെ നാട്ടുകാരും രംഗത്ത് എത്തിയിട്ടുണ്ട് . സംശയകരമായി കാണുന്ന യുവാക്കളെ പോലീസിൽ ഏൽപിക്കാനാണ് നാട്ടുകരുടെ തീരുമാനം . 2 പോലിസ് സ്റ്റേഷന്റെ അതിർത്തിയ നടവയലിലെ കഞ്ചാവ് വിൽപ്പനയും ഉപയോഗവും തടയാൻ പൊലീസ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം .