go

കൃഷ്ണഗിരിയിൽ ഇനി രഞ്ജി പോരാട്ടം

 കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം(ഫയൽ ചിത്രം).
കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം(ഫയൽ ചിത്രം).
SHARE

കൽപറ്റ ∙ ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഹൈ ആൾടിറ്റ്യൂഡ് സ്റ്റേഡിയമായ കൃഷ്ണഗിരി  വീണ്ടും രഞ്ജിയുടെ ആരവങ്ങളിലേക്ക്. കേരളം–ഗുജറാത്ത് ക്വാർട്ടർ ഫൈനൽ മൽസരം 15 മുതൽ സ്റ്റേഡിയത്തിൽ നടക്കും. മത്സരത്തിനായി ഇന്ത്യൻ താരങ്ങളായ സഞ്ജു സാംസൺ, പാർഥിവ് പട്ടേൽ, അക്സർ പട്ടേൽ, പിയൂഷ് ചൗള എന്നിവരെത്തുന്നത് ക്രിക്കറ്റ് പ്രേമികൾക്കു ഹരമാകും. ടീം അംഗങ്ങൾ നാളെ വയനാട്ടിലെത്തും. 

കേരളമിറങ്ങുന്നത് ആത്മവിശ്വാസത്തോടെ 

ആവേശപ്പോരിൽ  ഹിമാചൽ പ്രദേശിനെ 5 വിക്കറ്റിന് തകർത്താണ് കേരളം ക്വാർട്ടറിൽ കടന്നത്. 8 മത്സരങ്ങളിൽ നിന്ന് 26 പോയിന്റാണ്  കേരളത്തിന്റെ സമ്പാദ്യം. 26 പോയിന്റുകളുള്ള ഗുജറാത്ത്, ബറോഡ ടീമുകളെ റൺറേറ്റിൽ യഥാക്രമം 5, 6 സ്ഥാനങ്ങളിലേക്ക്  പിന്തള്ളി നാലാം സ്ഥാനക്കാരായാണ്  കേരളത്തിന്റെ ക്വാർട്ടർ മുന്നേറ്റം.

ഇൗ സീസണിൽ  എ,ബി ഗ്രൂപ്പുകളിലായി  നാലു ജയം കുറിച്ച ഏക ടീമും കേരളം തന്നെ. ആന്ധ്രാപ്രദേശിനെതിരെ  മധ്യപ്രദേശ് പരാജയപ്പെട്ടതും  ബംഗാൾ–പഞ്ചാബ്  മൽസരം സമനിലയിൽ അവസാനിച്ചതും  കേരളത്തിനു സഹായകമായി. ഗുജറാത്ത് നിരയിലാണ് ഇന്ത്യൻ താരങ്ങളായ പാർഥിവ് പട്ടേൽ, അക്സർ പട്ടേൽ, പിയൂഷ് ചൗള എന്നിവർ കളത്തിലിറങ്ങുന്നത്. മത്സങ്ങൾക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി  ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ  സെക്രട്ടറി നാസർ മച്ചാൻ അറിയിച്ചു. 

ആദ്യ രഞ്ജി 2014 ഡിസംബറിൽ 

2014 ഡിസംബറിൽ കേരളവും ഗോവയും തമ്മിലായിരുന്നു കൃഷ്ണഗിരിയിലെ ആദ്യ മത്സരം. പിന്നീട് ഹൈദരാബാദ്–കേരളം  മത്സരത്തിനും സ്റ്റേഡിയം  വേദിയായി. കേരളം–ഗോവ മത്സരത്തിൽ കേരളത്തിനായി അമിത് വർമ നേടിയ സെഞ്ചുറിയാണ്  സ്റ്റേഡിയത്തിൽ പിറന്ന ആദ്യ രഞ്ജി സെഞ്ചുറി. സ്റ്റേഡിയത്തിലെ ആദ്യ ഇരട്ട സെഞ്ചുറി കേരള ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ പേരിലാണ്. ഹൈദരാബാദിനെതിരെയായിരുന്നു സച്ചിന്റെ ഇരട്ട സെഞ്ചുറി. 361 പന്തുകളിൽ 17 ഫോറും 3 സിക്സറുകളും  അടക്കം 200 റൺസാണു നേടിയത്. 

ഇനി വരാനുള്ളത് രാജ്യാന്തര മത്സരം

ഫെബ്രുവരിയിൽ  ഇന്ത്യയിൽ സന്ദർശനത്തിനെത്തുന്ന ഇംഗ്ലണ്ട് എ ടീമുമായുള്ള ഇന്ത്യ എ ടീമിന്റെ  ചതുർദിന മത്സരത്തിനും കൃഷ്ണഗിരി വേദിയാകും. 2015 ഓഗസ്റ്റ് 18 ന് ദക്ഷിണാഫ്രിക്ക എ ടീമും ഇന്ത്യൻ എ ടീമും തമ്മിലുള്ള ചതുർദിന മത്സരത്തിനു സ്റ്റേഡിയം വേദിയായിരുന്നു. ഈ കളിയാണ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ രാജ്യാന്തര ടെസ്റ്റ് മത്സരം. രാഹുൽ ദ്രാവിഡിന്റെ ശിക്ഷണത്തിലാണ്  ഇന്ത്യ എ ടീം ഇറങ്ങിയത്. അമ്പാട്ടി റായിഡുവായിരുന്നു  നായകൻ.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama