go

ബത്തേരിയിലെ മാലിന്യ സംസ്കരണ പ്ലാന്റിനെ പ്രശംസിച്ച് മുഖ്യമന്ത്രി

  ബത്തേരിയിൽ നിർമാണം പുരോഗമിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റ്
ബത്തേരിയിൽ നിർമാണം പുരോഗമിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റ്
SHARE

ബത്തേരി നഗരസഭയിലെ കരുവള്ളിക്കുന്നിൽ നിർമാണം പുരോഗമിക്കുന്ന മാലിന്യപ്ലാന്റിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിൽത്തന്നെ ഇത്തരത്തിൽ വിഭാവനം ചെയ്ത ആദ്യ പദ്ധതിയാണ് ബത്തേരിയിലേതെന്ന് അദ്ദേഹം ഫെയ്സ്ബുക് പോസ്റ്റിൽ കുറിച്ചു. പോസ്റ്റിൽ പറയുന്നതിങ്ങനെ ‘മാലിന്യത്തിൽ നിന്ന് വൈദ്യുതി, ജൈവവളം, പ്ലാസ്റ്റിക് മാലിന്യങ്ങൾ, ഗ്ലാസ് എന്നിവ സംസ്കരിക്കാൻ പ്രത്യേക സംവിധാനം. എല്ലാം സംയോജിപ്പിക്കുന്ന ഒരു മാലിന്യ പ്ലാന്റ് , ചുറ്റും മനോഹരമായ ഒരു പാർക്കു കൂടി.

കുട്ടികൾക്കും മുതിർന്നവർക്കുമൊക്കെ വന്ന് ഇരിക്കാനും കളിക്കാനും പറ്റുന്ന ഇടം. ഇതൊരു സ്വപ്നം അല്ല. വയനാട്ടിലെ ബത്തേരിയിൽ ഇത്തരമൊരു മാലിന്യ സംസ്കരണ പ്ലാന്റ് യാഥാർഥ്യമാകാൻ പോകുന്നു. പ്ലാന്റിന്റെ നിർമാണ പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ദുർഗന്ധവും അസ്വസ്ഥതയും കാരണം മൂക്കുപൊത്തി നടക്കേണ്ടി വരില്ല. അന്തരീക്ഷ മലിനീകരണവും ഉണ്ടാക്കില്ല. പ്രത്യേക ബ്രാൻഡിൽ വളം വിൽപന നടത്തും. ജർമൻ സാങ്കേതിക വിദ്യയിൽ ഉയരുന്ന പ്ലാന്റ് ഇങ്ങനെ നാടിനും ഗുണം ചെയ്യും.

wayanad-plant--2

സംസ്ഥാനത്ത് ഇത്തരത്തിൽ വിഭാവനം ചെയ്യപ്പെട്ട ആദ്യ പദ്ധതിയാണിത്. പ്രധാന നഗരങ്ങളിൽ മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്’ പ്ലാന്റിനെ ഇത്തരത്തിൽ പുകഴ്ത്തി കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പോസ്റ്റിട്ടത്. നേരത്തെ ഗവർണറും ഈ പ്ലാന്റിനെ സംബന്ധിച്ച് നയപ്രഖ്യാപന പ്രസംഗത്തിൽ എടുത്തു പറഞ്ഞിരുന്നു. ബത്തേരി നഗരസഭ മുൻകയ്യെടുത്ത് ഡിഡാസ്ക് എന്ന സ്വകാര്യ കമ്പനിയുമായി ചേർന്നാണ് പ്ലാന്റ് നിർമിക്കുന്നത്. നിർമാണച്ചലവ് പൂർണമായും സ്വകാര്യ കമ്പനിയാണ് വഹിക്കുന്നത്. 

ഇതുവരെ ചെയ്തിരുന്നത് മാലിന്യം കത്തിച്ചു തള്ളൽ

കഴിഞ്ഞ 30 വർഷത്തിലധികമായി നഗരസഭയിലെ കരുവള്ളിക്കുന്നിൽ പ്രവർത്തിക്കുന്ന പ്ലാന്റിൽ മാലിന്യം ഇൻസിനറേറ്റർ ഉപയോഗിച്ച് കത്തിക്കുകയാണ് ചെയ്തിരുന്നത്. അഴുകിയ മാലിന്യവും കത്തിച്ചതിന്റെ ബാക്കിയുമെല്ലാം പ്രദേശത്ത് കുന്നു കൂടിയ നിലയിലായിരുന്നു. പുതിയ പദ്ധതി പ്രഖ്യാപിച്ചപ്പോൾ തന്നെ എതിർപ്പുകളുമെത്തി. പ്ലാന്റ് വരുന്നത് വലിയ ദോഷമാകുമെന്നായിരുന്നു പ്രചാരണം. വേഗത്തിൽ നടന്നിരുന്ന പ്ലാന്റ് നിർമാണം അതോടെ മന്ദഗതിയിലായി. തുടർന്ന് ഹൈക്കോടതിയിലും കേസെത്തി. പ്ലാന്റിൽ മാലിന്യം കത്തിക്കുന്നത് കോടതി തടഞ്ഞു. പുതിയ പ്ലാന്റിനെതിരെ നൽകിയ പരാതിയെ തുടർന്ന് കോടതി നിരീക്ഷക സംഘം സ്ഥലത്തെത്തി. എന്നാൽ പുതിയ പ്ലാന്റ് വരുന്നതാണ് ഉചിതം എന്ന നിലപാടാണ് ഹൈക്കോടതി  കൈക്കൊണ്ടത്. അതോടെ  വീണ്ടും നിർമാണം വേഗത്തിലായിട്ടുണ്ട്. 

മാലിന്യനീക്കം തടഞ്ഞതും  നിർമാണത്തെ ബാധിച്ചു

പതിറ്റാണ്ടുകളായി കൂട്ടിയിട്ടിരുന്ന മാലിന്യ പൂർണമായും നീക്കം ചെയ്ത് പുതിയ പ്ലാന്റ് നിർമിക്കാനായിരുന്നു പദ്ധതി. എന്നാൽ പ്ലാന്റ് വരുന്നതിനെ എതിർത്തവർ മാലിന്യം നീക്കം ചെയ്യുന്നതും തടഞ്ഞു. മറ്റൊരു സ്ഥലം വാടകക്കെടുത്ത് അവിടേക്ക് ഇവിടെയുള്ള നൂറു കണക്കിന് ലോഡ് മാലിന്യം  നീക്കാനായിരുന്നു ശ്രമം. കുറച്ചു ലോഡുകൾ കൊണ്ടുപയോപ്പോഴേക്കും എതിർപ്പുകാർ രംഗത്തെത്തി. പഴയ മാലിന്യം ഇളകുന്നത് നിമിത്തം ദുർഗന്ധവും പ്രശ്നങ്ങളുമുണ്ടാകുന്നെന്നായിരുന്നു പരാതി.

അതോടെ ആ ആ ശ്രമം നഗരസഭ ഉപേക്ഷിച്ചു. അത് നിലനിർത്തിക്കൊണ്ടു തന്നെ പ്ലാന്റ് പണിയാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട്. അതിനായി 20 അടിയിലധികം ഉയരത്തിൽ രണ്ടു ഭാഗത്ത് കൂറ്റൻ കോൺക്രീറ്റ് ഭിത്തി നിർമിക്കേണ്ടി വന്നു. പ്രളയകാലം വന്നതോടെ അതിനും തടസം നേരിട്ടു. ഇപ്പോൾ വീണ്ടും പണികളെല്ലാം ദ്രുത ഗതിയിൽ നടക്കുകയാണ്. പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള അടിത്തറ തൂണുകളും തറയും കോൺക്രീറ്റിട്ട് ബലപ്പെടുത്തിക്കഴിഞ്ഞു. കോൺക്രീറ്റ് ഭിത്തിയുടെ നിർമാണ ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഒന്നര മാസം കൊണ്ട് ഭിത്തികളുടെ പണി പൂർത്തിയാക്കുകയും  ഭൂമി നിരപ്പാക്കി യന്ത്രസാമഗ്രികൾ സ്ഥാപിക്കുന്നതിനുള്ള സാഹചര്യമൊരുക്കുകയുമാണ് ലക്ഷ്യം.

പ്രതീക്ഷ  6 മാസത്തിനുള്ളിൽ 

ആറുമാസത്തിനുള്ള പ്ലാന്റ് പ്രവർത്തന സജ്ജമാകുന്നതോടെ  നഗരസഭാ പരിധിയിലെ മുഴുവൻ മാലിന്യങ്ങളും എളുപ്പത്തിൽ നീക്കം ചെയ്യാൻ കഴിയും. പ്ലാസ്റ്റിക്കും ഗ്ലാസുമുൾപ്പെടെയുള്ള എല്ലാ മാലിന്യുവും ശേഖരിക്കുകയും അവ വേർതിരിച്ച് ഖരദ്രവ മാലിന്യങ്ങൾ സംസ്കരിച്ച് വൈദ്യുതിയും വളവുമാക്കുകയുമാണ് ചെയ്യുന്നത്.

ചെലവ് 6 കോടിയിലധികം

പ്ലാന്റ് സ്ഥാപിക്കുന്നത് 5.5 കോടി രൂപയാണ് കമ്പനി ചെലവഴിക്കുന്നത് കോൺക്രീറ്റ് ഭിത്തികൾ നിർമിക്കേണ്ടി വന്നതിനാൽ  മുക്കാൽ കോടിയോളം രൂപ നഗരസഭയ്ക്കും ചെലവ്വരും

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama