go

ബസ് മൺതിട്ടയിൽ ഇടിച്ചുമറിഞ്ഞ് 43 പേർക്കു പരുക്ക്

Wayanad News
മറിഞ്ഞ ബസിൽ നിന്ന് യാത്രക്കാരെ പുറത്തെടുക്കുന്നു.
SHARE

പനമരം∙ യൂക്കാലിക്കവലയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 43 പേർക്കു പരുക്ക്. 8 പേർക്കു സാരമായി പരുക്കേറ്റു. പൂതാടി സ്വദേശികളായ വിട്ടിപ്പുര സുചിത്ര (26), നീരജ (26), ജാനമ്മ (62), ചോയിമൂല കൃഷ്ണൻ (55)സിയമ്പം പുത്തൻപുരയിൽ ഭർഗവി (62 ), ചെമ്പോട്ടി സ്വദേശികളായ ഗൗരി (55), മാധവൻ (65), പപ്ലാശ്ശേരി സക്ഷാംകുന്നേൽ ആതിര (23), വാളവയൽ കിരിക്കാടത്ത് ഗോപിക രാജു (22), എന്നിവരാണ് സാരമായി പരുക്കേറ്റ് കൽപറ്റ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. 

നിസ്സാര പരുക്കേറ്റവർ കൽപറ്റ, കേണിച്ചിറ, ബത്തേരി എന്നിവിടങ്ങളിലെ ആശുപത്രികളിലാണ്. ബത്തേരി അസംപ്ഷൻ ആശുപത്രിയിൽ മാത്രം 27 പേർ ചികിത്സയിലുണ്ട്. ബത്തേരി- മാനന്തവാടി റൂട്ടിൽ സർവീസ് നടത്തുന്ന പ്രിയദർശിനി ബസാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്.

ഇന്നലെ വൈകിട്ട് 5.30നാണ് അപകടം. ബത്തേരിയിൽ നിന്നും മാനന്തവാടിയിലേക്കു നിറയെ യാത്രക്കാരുമായി പോകുകയായിരുന്ന ബസ് യൂക്കാലിക്കവല വളവിന് സമീപം നിയന്ത്രണം വിട്ട് മൺതിട്ടയിലിടിച്ച് റോഡിന് കുറുകെ മറിയുകയായിരുന്നു. ചില്ലുകൾ തകർത്താണ് യാത്രക്കാർ പുറത്തു കടന്നത്.

അപകടം നടന്നയുടൻ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. ഒരു വശം ചരിഞ്ഞ് മറിഞ്ഞതിനാൽ സീറ്റിലിരുന്നവരുടെ മുകളിലേക്ക് ഒരു ഭാഗത്തുണ്ടായിരുന്നവർ വീണതാണ് കൂടുതൽ പേർക്കു പരുക്ക് ഏൽക്കാനിടയായത്. സീറ്റിലിരുന്ന പ്രായമായവർക്കാണ് കൂടുതലും പരുക്കേറ്റത്. 

യന്ത്രഭാഗം പൊട്ടി

പരിധിയിൽ കൂടുതൽ യാത്രക്കാരുമായി എത്തിയ ബസിന്റെ ഏതോ യന്ത്രഭാഗം പൊട്ടിയതാണ് അപകടത്തിന് കാരണമെന്ന് യാത്രക്കാർ പറയുന്നു. പുല്ലുമല സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കി 400 മീറ്ററോളം ദൂരം പിന്നിട്ടപ്പോഴാണ് അപകടം. എന്തോ പൊട്ടുന്ന ശബ്ദവും ഡ്രൈവർ ബ്രേക്ക് ചവിട്ടിയത് ഓർമയുണ്ടെന്നും പിന്നീട് ബസ് റോഡരികിലെ മൺകയ്യലായിലേക്ക് പാഞ്ഞുകയറി ഇടിച്ച് ഇടതു വശം ചരിഞ്ഞ് റോഡിന് കുറുകെ മറിയുകയായിരുന്നു എന്ന് പരുക്കേൽക്കാതെ രക്ഷപ്പെട്ട യാത്രക്കാർ പറയുന്നു.

അപകടം നടന്ന് അധികം വൈകാതെ കേണിച്ചിറ, മീനങ്ങാടി പൊലീസും ബത്തേരിയിൽ നിന്ന് ഒരു യൂണിറ്റ് ഫയർഫോഴ്സും എത്തിയത് രക്ഷയായി. ബസ് റോഡിന് കുറുകെ മറിഞ്ഞതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം ഒന്നരമണിക്കുറോളം നിലച്ചു.

ഒടുവിൽ നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് ബസ് ഒരു വശം തള്ളി നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

തേഞ്ഞ ടയറുകൾ

ഇന്നലെ അപകടത്തിൽ പെട്ട പ്രിയദർശിനി ബസിന്റെ പുറകിലെ 4 ടയറും തേഞ്ഞുതീർന്നത്. യന്ത്ര ഭാഗങ്ങൾ പലതും തുരുമ്പെടുത്തു തുടങ്ങിയാതാണെന്നും നാട്ടുകാർ പറയുന്നു. പുറകിലെ ടയർ തേഞ്ഞ് തീർന്നതിനാലാണ് ബസ് ബ്രേക്ക് ചവിട്ടിയിട്ട് കിട്ടാതെപോയതത്രേ.

ശനിദശ മാറാതെ പ്രിയദർശിനി

നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന പ്രിയദർശിനി ട്രാൻസ്പോർട്ട് സഹകരണ സംഘത്തിന് ശനിദശ മാറുന്നില്ല. ആദിവാസികൾ മാത്രം ജീവനക്കാരായ ജില്ലയിലെ പ്രിയദർശിനി ട്രാൻസ്പോർട്ട് സഹകരണ സംഘത്തിന്റെ ബസാണ് ഇന്നലെ അപകടത്തിൽപ്പെട്ടത്. കലക്ടർ ചെയർമാനും സബ് കലക്ടർ മാനേജിങ് ഡയറക്ടറുമായ ഭരണ സമിതിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സംഘത്തിന്റേതാണ് ബസ്. 1986ലാണ്പട്ടികവർഗക്കാർക്കായി ട്രാൻസ്പോർട്ട് സഹകരണ സംഘം ആരംഭിച്ചത്.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama