go

പുഴയിൽ നായ്ക്കളുടെ ജ‍ഡങ്ങൾ, അന്വേഷണം നടത്താതെ അധികൃതർ; ദുരൂഹത

Wayanad News
പനമരം പുഴയില്‍ ഒഴുകിയെത്തിയ നായ്ക്കളുടെ ജഡങ്ങള്‍ നീക്കംചെയ്യുന്നു.
SHARE

പനമരം∙ ദുരൂഹത നീങ്ങാതെ പനമരം പുഴകളിൽ ചത്തുപൊങ്ങുന്ന നായ്ക്കളുടെ എണ്ണം കൂടുന്നു. ഇന്നലെ 3 നായ്ക്കളുടെ ജഡങ്ങൾ കൂടി സിഎച്ച് റസ്ക്യൂ പ്രവർത്തകർ കണ്ടെത്തി. നായ്ക്കളുടെ അഴുകിയ ജഡം തങ്ങിയത് കുടിവെള്ള പദ്ധതികളുടെ പമ്പ് ഹൗസുകളുടെ സമീപമാണ്.  ദിവസം കഴിയും തോറും നായ്ക്കളുടെ ജീർണിച്ച ജഡങ്ങൾ പുഴയിൽ കണ്ടെത്തുന്നത് കുടിവെള്ള പദ്ധതികളെയും ബാധിക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ചെറിയ പുഴയിലാണ് നായ്ക്കളുടെ ജഡങ്ങൾ കണ്ടെത്തിയത്.  ഇന്നലെ 3 നായ്ക്കളുടെ ജഡങ്ങൾ കണ്ടെത്തിയത് വലിയ പുഴയായ കബനിയിൽ. ചെറിയ പുഴയിൽ നിന്ന് ഒഴുകി വന്ന് വലിയ പുഴയിൽ അടിഞ്ഞതാണ് എന്നു കരുതുന്നു. 

ചെറിയ പുഴയും വലിയ പുഴയും കൂടിച്ചേരുന്നതിന് അടുത്ത് കൊറ്റില്ലത്തിന് 50 മീറ്റർ അകലെയാണ് ജഡങ്ങൾ കണ്ടെത്തിയത്. നായ്ക്കളെ കണ്ടെത്തിയ സ്ഥലത്തു നിന്നാമ് പൂതാടി പഞ്ചായത്തിലെ അതിരാറ്റുകുന്ന് കുടിവെള്ള ശുദ്ധജലവിതരണ പ്ലാന്റിലേക്കുള്ള കുടിവെള്ളം പമ്പ് ചെയ്യുന്നത്.

നാട്ടുകാർ പമ്പിങ് നിർത്തിവയ്പിച്ചു

ചീഞ്ഞഴുകിയ നായ്ക്കൾ കിടക്കുന്ന സ്ഥലത്ത് നിന്നുള്ള പമ്പിങ് നാട്ടുകാർ ഇടപെട്ട് നിർത്തിവയ്പിച്ചു. പൂതാടി പഞ്ചായത്തിലാകമാനം കുടിവെള്ളം എത്തിക്കുന്നതിനു പനമരം വലിയ പുഴയിൽ നിന്ന് ഇടവേളകളില്ലാതെ പമ്പിങ് നടത്തുന്നതാണ് തടഞ്ഞത്. പമ്പ്ഹൗസിലെ കിണറിലേക്കു വെള്ളം ഇറങ്ങുന്നത് ഇന്നലെ നായ്ക്കളുടെ ജഡം കണ്ടെത്തിയ ഭാഗത്ത് നിന്നാണ്. ഇത് കണ്ടിട്ടും പമ്പിങ് നിർത്തിവയ്ക്കുന്നതിനും നായ്ക്കളെ മാറ്റുന്നതിനും തയാറാകാതെ പമ്പിങ് നടത്തിയതാണ് നാട്ടുകാർ ഇടപെടാൻ കാരണം. 

കുടിവെള്ള  പദ്ധതികൾക്ക് ഭീഷണി

നായ്ക്കളുടെ അഴുകിയ ജഡങ്ങൾ പുഴയിൽ പെരുകുന്നത് കുടിവെള്ള വിതരണം തടസ്സപ്പെടാനും കാരണമാകുന്നു. നായ്ക്കളുടെ ജഡങ്ങൾ കണ്ടെത്തിയ പനമരം പുഴകളിൽ കുടിവെള്ള പദ്ധതികൾ ഒന്നിലേറെയുണ്ട്. പനമരം, പൂതാടി പഞ്ചായത്തുകളിലേക്ക് കുടിവെള്ളം പമ്പ് ചെയ്യുന്നത് ഈ പുഴയിൽ നിന്നാണ്. 

ആശങ്കയകറ്റണം

നായ്ക്കളുടെ ജഡം പുഴയിൽ പെരുകിയത് ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ആറാം തീയതി 7 നായ്ക്കളുടെ ജഡം ചെറുപുഴയിൽ ഒഴുകി നടക്കുന്നതാണ് ആദ്യം കണ്ടത്. ഇതിനടുത്ത ദിവസം 3 എണ്ണത്തെയും വ്യാഴാഴ്ച 5 എണ്ണം കബനി പുഴയിലൂടെ ഒഴുകി പോകുന്നത് കണ്ടെന്ന് മാത്തൂർ പൊയിലിൽ നാട്ടുകാർ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ 3 നായ്ക്കളുടെ ജഡങ്ങൾ കൂടി കണ്ടെത്തിയത്. ഇതോടെ പുഴയിൽ അഴുകിയ നിലയിൽ കണ്ട നായ്ക്കളുടെ എണ്ണം 18 ആയി.

മാറാതെ ദുരൂഹത

ദിവസങ്ങൾ കഴിയും തോറും ചത്ത നായ്ക്കളുടെ എണ്ണം കൂടുമ്പോഴും ഇത്രയും നായ്ക്കൾ പുഴയിൽ ഒഴുകുന്നത് എങ്ങനെ എന്ന നാട്ടുകാരുടെ ചോദ്യത്തിന് ഉത്തരമില്ല. നായ്ക്കളെ വിഷം നൽകി കൊന്ന ശേഷം പുഴയിൽ തളളിയതാണോയെന്ന സംശയമാണ് നാട്ടുകാർക്ക്. മറ്റെവിടെ നിന്നെങ്കിലും കൊന്ന നായ്ക്കളെ രാത്രിയിൽ പുഴയിൽ തള്ളുന്നതാണ് എന്ന സംശയവും ഉണ്ട്. ചങ്ങരംകുളം കൊളഞ്ചേരി പാടത്ത് പലയിടങ്ങളിലും മാസങ്ങൾക്ക് മുൻപ് നായ്ക്കളെ കൂട്ടത്തോടെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തിയിരുന്നു. 

അന്വേഷണത്തിനുപോലും തയാറാകാതെ അധികൃതർ

ചെറിയ ഒരു അന്വേഷണം നടത്താൻ പോലും തയാറാകാതെ അധികൃതർ പരസ്പരം പഴിചാരി മൗനം പാലിക്കുന്നതിൽ പ്രതിഷേധം പുകയുന്നു. നായ്ക്കളുടെ ജഡങ്ങൾ കണ്ട ആദ്യദിനം മുതൽ പഞ്ചായത്ത്, ആരോഗ്യ, മൃഗസംരക്ഷണ വകുപ്പ് ,പൊലീസ് എന്നിവർക്ക് രേഖാമൂലം പരാതി നൽകിയെങ്കിലും ഒന്നു തിരിഞ്ഞ് നോക്കാൻ പോലും അധികൃതർ തയാറായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

ഇത്രയും നായ്ക്കൾ ചത്തുപൊങ്ങിയിട്ടും മൃഗസംരക്ഷണ വകുപ്പ് എത്തി ഒന്നിനെ പോലും പോസ്റ്റ്മോർട്ടം ചെയ്യുന്നതിനോ പരിശോധിക്കുന്നതിനും തയാറായിട്ടില്ല. ഒഴുകി നടന്ന രീതിയിൽ കണ്ടെത്തിയ നായ്ക്കളുടെ ജഡങ്ങൾ എല്ലാം തന്നെ നാട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രദേശത്തെ സത്യം സ്വാശ്രയ സംഘം പ്രവർത്തകരും സിഎച്ച് റസ്ക്യൂ ടീമും ചേർന്നാണ് പുഴയിൽ നിന്ന് എടുത്ത് കുഴച്ചിട്ടത്.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama