പുൽപള്ളി ∙ എച്ച്ഡി കോട്ട താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വീശിയ ശക്തമായ കാറ്റിൽ വൻ കൃഷിനാശം. ശനി, ഞായർ ദിവസങ്ങളിലാണ് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ കാറ്റുണ്ടായത്. ഒട്ടേറെ കൃഷിയിടങ്ങളിലെ ഏക്കർകണക്കിനു സ്ഥലത്തെ വാഴകൃഷി നിലംപൊത്തി. ഇതിൽ ഭൂരിഭാഗവും വയനാട്ടിലെ കർഷകരുടേതാണ്.
ഗുണ്ടത്തൂർ, കാരാപ്പുറം, ബേഗൂർ, മഗ്ഗ, മരളി, അന്തർസന്ത ഭാഗങ്ങളിലാണു ശക്തമായ കാറ്റുണ്ടായത്. ഇഞ്ചിക്കൃഷിക്ക് സ്ഥലമെടുത്ത കർഷകരിൽ പലരും ഇഞ്ചിക്ക് ശേഷം വാഴക്കൃഷി ചെയ്തിരുന്നു.
പലഘട്ടങ്ങളിലുള്ള വാഴയാണ് കാറ്റിൽ നിലംപൊത്തിയത്. ലക്ഷക്കണക്കിനുരൂപയുടെ നഷ്ടം നേരിട്ട കര്‍ഷകരുണ്ട്. പ്രദേശവാസികളായ കര്‍ഷകരുടെ കൃഷിയും നശിച്ചു. സാധാരണ ഇക്കാലത്ത് കാറ്റുണ്ടാവാറില്ലെന്ന് കർഷകർ പറഞ്ഞു. അതിനാൽ കാറ്റിനെ ചെറുക്കാനുള്ള താങ്ങുകളൊന്നും മിക്കയിടത്തും ഇല്ലായിരുന്നു. മെച്ചപ്പെട്ട വിലയുള്ളതിനാൽ വാഴക്കര്‍ഷകർ പ്രതീക്ഷയിലായിരുന്നു.
കാരാപ്പുറത്ത് തോട്ടത്തിലെ വിളവെടുക്കാറായ കുലകൾ അപ്പാടെ നിലംപതിച്ചു. കടംവാങ്ങിയും മറ്റും കൃഷിക്കിറങ്ങിയ കർഷകരിൽ പലരും അങ്കലാപ്പിലാണ്. ശനിയാഴ്ച വൈകുന്നേരമാണ് ശക്തമായ കാറ്റുണ്ടായത്. അതിനിടെ,നാഗർഹൊള, ബന്ദിപ്പൂർ വനമേഖലയുടെ കുറേ ഭാഗത്ത് മഴ ലഭിച്ചത് കാട്ടുതീ ഭീതിയകറ്റി.