go

എന്താണ് സത്യത്തിൽ ബാണാസുര സാഗർ അണക്കെട്ടിൽ നടന്നത്?

wayanad news
കെഎസ്ഇബി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ പി. മനോഹരൻ ബാണാസുര സാഗർ ഡാമിനു സമീപം. ചിത്രം: ജിതിൻ ജോയൽ ഹാരിം ∙ മനോരമ
SHARE

കഴിഞ്ഞ പ്രളയകാലത്തു വയനാട്ടുകാരുടെ മനസ്സിലെ പ്രധാന വില്ലനായിരുന്നു ബാണാസുര സാഗർ അണക്കെട്ട്. വയനാടിനെയാകെ മുക്കിയ മഹാപ്രളയത്തിനു കൃത്യം ഒരു വർഷം തികയുമ്പോൾ ചരിത്രം ആവർത്തിച്ചുകൊണ്ടെന്നോണം മഴയും വെള്ളപ്പൊക്കവും ശക്തിപ്പെടുകയാണ്. ദുരിതാശ്വാസ ക്യാംപുകൾ തുറക്കുന്നു. നേവിയും ദുരന്തനിവാരണസേനയും രക്ഷാപ്രവർത്തനത്തിനെത്തുന്നു. എല്ലാം കഴിഞ്ഞ പ്രളയദിനങ്ങളുടെ തനിയാവർത്തനം പോലെ. എന്നാൽ, ഇക്കുറി പ്രകടമായ ഒരു വ്യത്യാസമുണ്ട്.

താഴ്ന്ന പ്രദേശങ്ങൾ മുങ്ങുമ്പോഴും ബാണാസുര സാഗർ തുറന്നിട്ടില്ല! ഈ പെരുംമഴയിലും ബാണാസുര റിസർവോയറിലെ ജലനിരപ്പ് അനുവദനീയമായ അളവിലും താഴെയാണ്. അപ്പോഴും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകുന്നു. വയനാട്ടിൽ പ്രളയമുണ്ടായ കഴിഞ്ഞ ഓഗസ്റ്റ് 8,9,10 തീയതികളിൽ എന്താണു സത്യത്തിൽ ബാണാസുര സാഗർ അണക്കെട്ടിൽ നടന്നത്? ദുരന്തകാലത്തെ മഴയോർമകളിലേക്കു തിരിച്ചുനടക്കുകയാണ് ഡാമിന്റെ ചുമതലയുള്ള കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ പി. മനോഹരൻ. 

ഉറക്കമില്ലാത്ത രാത്രികൾ 

ബാണാസുര ഡാം സൈറ്റിൽ കെഎസ്ഇബിയുടെ പഴയ ഓഫിസ് കെട്ടിടത്തിൽ ഞങ്ങൾ 3 പേർ മാത്രം. സബ് എൻജിനീയർ ജോയിയും അസിസ്റ്റന്റ് എൻജിനീയർ ബോസൻ ലാലുമാണു കൂടെ. മഴ തിമിർത്തുപെയ്യുകയാണ്. ഏറെ ജാഗ്രതയിലായിരുന്നു ഞങ്ങൾ. ഓരോ മണിക്കൂറിലും ജലനിരപ്പ് സംബന്ധിച്ച വിവരങ്ങൾ ജില്ലാ ദുരന്തനിവാരണ സെല്ലിന്റെ വാട്സാപ് ഗ്രൂപ്പിൽ ഇടുന്നുണ്ട്. ബീച്ചനഹള്ളി അണക്കെട്ടിലെ ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തുന്നു. ഭീമാകാരന്മാരായ വയസ്സൻ മരങ്ങൾ കാവൽ നിൽക്കുന്ന ഓഫിസാണ്. പ്രളയമഴ ആർത്തലച്ചെത്തിയ ഒരു രാത്രിയിൽ ആ മരങ്ങളിലൊന്ന് ഓഫിസിനു മുകളിലേക്കു വീണു. എങ്ങും ദുരന്തം പെയ്യുന്ന രാത്രിയിലും നിറയുന്ന റിസർവോയറിനു ഞങ്ങൾ കാവൽകിടന്നു.- മനോഹരൻ പറയുന്നു. 

മീൻ പിടിക്കാൻ ആളുകൾ, ഓടിക്കാൻ പൊലീസ് 

കഴിഞ്ഞവർഷം മഴ തുടങ്ങിയതിനു ശേഷം ജൂലായ് 15ന് ബാണാസുരയുടെ ഷട്ടറുകൾ ആദ്യമായി തുറന്നു. 2018നു മുൻപും രണ്ടുവർഷം കൂടുമ്പോൾ ബാണാസുര തുറക്കാറുള്ളതാണ്. എവിടെയും ഒരു പ്രശ്നവുമുണ്ടാകാറുമില്ല. ജൂലായിൽ ഷട്ടർ ഉയർത്തുന്നതിനു മുന്നോടിയായി ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക പേജിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

കെഎസ്ഇബി അധികൃതരും ജനങ്ങൾക്കു മുന്നറിയിപ്പ് നൽകി. റിസർവോയറിൽനിന്ന് ഒഴുകിയെത്തിയ മീനുകളെ പിടികൂടാൻ അയൽജില്ലകളിൽനിന്നു പോലും ആളുകളെത്തിയത് ഈ സമയത്താണ്. ജനങ്ങളെ നിയന്ത്രിക്കാൻ വലിയൊരു വാൻ നിറയെ പൊലീസ് ബാണാസുരയിലെത്തി. ജലനിരപ്പ് കുറഞ്ഞതിനെത്തുടർന്ന് ഓഗസ്റ്റ് അ‍ഞ്ചിന് ഷട്ടറുകൾ അടയ്ക്കുകയും ചെയ്തു. എന്നാൽ, വിവാദപ്രളയം അണപൊട്ടാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. 

കറന്റില്ല, ഷട്ടർ ഉയർത്തിയത് 5 പേർ ചേർന്ന് 

ഓഫിസിലെ കുടുസുമുറിയിൽ മേശപ്പുറത്തുതന്നെയാണു രണ്ടാം തവണ അണക്കെട്ട് തുറന്ന ദിവസങ്ങളിൽ കെഎസ്ഇബി ഉദ്യോഗസ്ഥർ കിടന്നത്. മഴ ശക്തിപ്പെട്ടുകൊണ്ടിരുന്നു. ഡാം സെറ്റിലേക്കു വൈദ്യുതി നൽകുന്ന 2 സബ് സ്റ്റേഷനുകളിലും പ്രളയജലം കയറി വൈദ്യുതി നിലച്ചു. അപ്പോഴും അതിതീവ്രമഴ പെയ്യുമെന്ന തരത്തിലുള്ള കാലാവസ്ഥാ പ്രവചനമില്ല. ഓരോ ദിവസവും അനുവദനീയമായ അളവിൽത്തന്നെയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. എന്നാൽ, ഓഗസ്റ്റ് ആറിനും ഏഴിനും മഴ കനത്തു. ബാണാസുര മലയിൽ ചെറുതും വലുതുമായ ഇരുപതോളം ഉരുൾപൊട്ടലുകളുണ്ടായി.

കനത്ത മഴയിൽ റിസർവോയറിലേക്ക് ഒറ്റദിവസംകൊണ്ട് ഒഴുകിയെത്തിയത് സംഭരണശേഷിയുടെ 10 ശതമാനത്തോളം വെള്ളം. റിസർവോയറിന്റെ കരയിൽ താമസിക്കുന്നവരുടെ വീടുകളിലേക്ക് ജലാശയത്തിൽനിന്ന് ഓളം വെട്ടി വെള്ളം കയറാൻ തുടങ്ങി. അണക്കെട്ട് തുറക്കാനാവശ്യപ്പെട്ട് എപ്പോഴും ഫോൺവിളികൾ. വലിയ സമ്മർദത്തിലകപ്പെട്ട ദിനങ്ങളായിരുന്നു അത്. ജലനിരപ്പ് വീണ്ടും ഉയർന്നപ്പോൾ ഏഴിനു ഷട്ടറുകൾ 10 സെന്റീമീറ്റർ തുറക്കാൻ തിരുമാനിച്ചു.

ജില്ലാ ഭരണകൂടത്തിന്റെ ദുരന്തനിവാരണസെല്ലിന്റെ വാട്സാപ് ഗ്രൂപ്പിൽ വിവരം പങ്കുവച്ചു. അനൗൺസ്മെന്റ് വാഹനങ്ങൾ പോയി. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ലിവറുകൾ ഉപയോഗിച്ചാണു സാധാരണയായി ഷട്ടറുകൾ തുറക്കാറ്. എന്നാൽ, പ്രളയദിനങ്ങളിൽ വൈദ്യുതിയില്ലാതിരുന്നതിനാൽ പുറത്തുനിന്നു വിളിച്ചുകൊണ്ടുവന്ന ജോലിക്കാർ ചേർന്ന് ഏറെ പാടുപെട്ട് ഷട്ടറുകൾ ഉയർത്തേണ്ടിവന്നു. അപ്പോഴും മഴയ്ക്കു കുറവുണ്ടായിരുന്നില്ല. 

ബാണാസുരയിൽനിന്ന് ഒരുകൈസഹായം 

ബാണാസുര സാഗർ അണക്കെട്ടിലെ ജീവനക്കാരും പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിനു സജീവമായിരുന്നു. ഹൈഡൽ ടൂറിസത്തിന്റെ 2 കൊട്ടത്തോണിയും 2 ഫൈബർ തോണിയും 2 സ്പീഡ് ബോട്ടും രക്ഷാപ്രവർത്തനത്തിനു വിട്ടുനൽകി. 6 ജീവനക്കാരും പ്രളയദുരിതം കുറയ്ക്കാൻ രംഗത്തിറങ്ങിയിരുന്നു. അണക്കെട്ടുകൾ തുറക്കുന്നതിനു മുന്നോടിയായുള്ള നടപടിക്രമങ്ങൾ കഴിഞ്ഞ പ്രളയകാലത്തിനു ശേഷം പുതുക്കിയിട്ടുണ്ട്. പുതിയ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാവും ഇത്തവണത്തെ പ്രവർത്തനം. 

അണക്കെട്ടുകൾ എന്തിന്? 

ബാണാസുര അണക്കെട്ട് തുറന്നുവിടുന്നു എന്ന പ്രയോഗം തന്നെ സാങ്കേതികമായി ശരിയല്ലെന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്. സംഭരണശേഷിയിൽ കൂടുതൽ വെള്ളം വരുമ്പോൾ പുറത്തേക്കൊഴുക്കിക്കളയുകയാണ്. വെള്ളം നിറയെ പിടിച്ചുവച്ചതിനു ശേഷം ഉദ്യോഗസ്ഥർ അണക്കെട്ട് തുറന്നുവിട്ടുകളിക്കുകയാണെന്നാണു ചിലരെങ്കിലും കരുതുന്നത്. ആ കാഴ്ചപ്പാട് ശരിയല്ല.

അണക്കെട്ടിലെ ജലം മാത്രമായി പ്രളയം ഉണ്ടാക്കില്ലെന്നു മാത്രമല്ല, യഥാർഥത്തിൽ പ്രളയത്തിന്റെ രൂക്ഷത കുറയ്ക്കുകയാണു ചെയ്യുന്നത്. അണക്കെട്ട് ഇല്ലായിരുന്നെങ്കിൽ ബാണാസുര മലയിലെ ഉരുൾജലം നിയന്ത്രണങ്ങളൊന്നുമില്ലാതെ കബനീതടത്തിലേക്ക് നേരെ ഇരച്ചെത്തിയേനെ. എന്നാൽ, ഇവിടെ കുറേ ജലം ബാണാസുരയിൽ സംഭരിച്ചതിനാൽ പ്രളയത്തിന്റെ വ്യാപ്തിയും ഭീകരതയും കുറയ്ക്കാനായി- കെഎസ്ഇബി വാദം.

ബാണാസുര തുറന്നതല്ല പ്രളയമുണ്ടാക്കിയതെന്നതിനു  കെഎസ്ഇബി നിരത്തുന്ന വാദങ്ങൾ

∙ വയനാട്ടിലെ വിവിധ ജലാശയങ്ങളിൽനിന്ന് കബനീനദിയിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് പരിശോധിക്കാൻ മുത്തൻകരയിലും മാനന്തവാടിയിലും സംവിധാനമുണ്ട്. പ്രളയം രൂക്ഷമായ 9ന് മുത്തൻകരയിൽ രേഖപ്പെടുത്തിയ ഒഴുക്ക് സെക്കൻഡിൽ 2250 ക്യുമെക്സാണ്. ഇതിൽ 246 ക്യുമെക്സ് വെള്ളം മാത്രമേ ബാണാസുരയിൽനിന്നുള്ളൂ. അപ്പോൾ പ്രളയത്തിനു മുഖ്യകാരണം മഴ തന്നെയല്ലേ? 

∙ സംഭരണശേഷിക്കു മുകളിൽ വെള്ളം ശേഖരിച്ചാൽ ഡാം കരകവിയുകയും വൻ ദുരന്തം ഉണ്ടാവുകയും ചെയ്തേനെ. അതിനാലാണു ഘട്ടംഘട്ടമായി ഷട്ടറുകൾ തുറന്നത്. 

∙ സ്പിൽവേയുടെ ശേഷി സെക്കൻ‍ഡിൽ 1664 ക്യുമെക്സ് ആണ്. ഏറ്റവും കൂടുതൽ ഉയരത്തിൽ ഷട്ടറുകൾ ഉയർത്തിയപ്പോൾ പോലും ഇതിന്റെ 15 ശതമാനം വെള്ളം മാത്രമേ പുറത്തേക്കൊഴുക്കിയിട്ടുള്ളൂ. 

∙ വയനാട് ജില്ലയിലെ ആകെ നീരൊഴുക്കിന്റെ 15 ശതമാനം മാത്രമാണ് ബാണാസുരയിൽനിന്നുണ്ടായത്. ജില്ലയിൽ ഉണ്ടായ ശരാശരി മഴയുടെ രണ്ടിരട്ടി മഴ ബാണാസുരയുടെ വൃഷ്ടിപ്രദേശങ്ങളിലുണ്ടായതാണ് അതിനു കാരണവും. 

'വലിയ ദുരന്തമായിരുന്നു കണ്‍മുന്നില്‍ തെളിഞ്ഞത്. മരണത്തിന്റെ ഭയാനകമായ അട്ടഹാസമായിരുന്നു ചെവിയില്‍. ഇവയ്ക്കു മുന്നില്‍ വളരെ ആത്മവിശ്വാസത്തോടെ ബോര്‍ഡ് ഏല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റിയെന്നാണു ഞങ്ങള്‍ കരുതുന്നത്'’

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama