go

മഴ കുറഞ്ഞു, വെയിൽ തെളിഞ്ഞു, ദുരിതം ഒഴിയുന്നില്ല

wayanad-flood
കലങ്ങിപ്പോയ് ജീവിതങ്ങൾ: പ്രളയജലത്തിനു നടുവിലെ വെറും തുരുത്തുകളായി മാറിപ്പോയിരിക്കുന്നു മധ്യ വയനാട്. ഈ വലിയ പ്രദേശം മുഴുവൻ ജനവാസകേന്ദ്രങ്ങളും പനമരത്തോടു ചേർന്ന ചെറുഗ്രാമങ്ങളുമാണ്. പനമരം വലിയപുഴ രണ്ടാം പ്രളയകാലത്തും കരകവിഞ്ഞപ്പോൾ വീണ്ടും നാടൊന്നായി മുങ്ങി. ഇനി ഈ വെള്ളക്കെട്ടൊഴിയണമെങ്കിൽ ഏറെ ദിവസങ്ങളെടുക്കും. മഴ ഒഴിഞ്ഞുനിൽക്കുന്നത് ആശ്വാസമാകുമ്പോഴും ദുരിതം ഒഴിയാതെ പിന്തുടരുകയാണ് വയനാടിനെ. ചിത്രം: മനോരമ
SHARE

കൽപറ്റ ∙ വയനാടിനെയൊന്നാകെ വിറപ്പിച്ച രണ്ടാം പ്രളയത്തിനു തെല്ലുശമനം. മഴ കുറ‍ഞ്ഞതോടെ വെള്ളക്കെട്ടും പതിയെ പിൻവാങ്ങുകയാണ്. പുത്തുമലയിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. കാലാവസ്ഥ പ്രിതികൂലമായതു ദുഷ്കരമാക്കിയെങ്കിലും തിരച്ചിൽ ഇന്നുകൂടി തുടരും. ഇനി 7 പേരെ കൂടി കണ്ടെത്താനുണ്ട്. വയനാകഴിഞ്ഞ 24 മണിക്കൂറിൽ ജില്ലയിൽ രേഖപ്പെടുത്തിയ മഴയുടെ അളവ് ശരാശരി 62.07 മില്ലിമീറ്ററായി കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ 150 മില്ലിമീറ്ററിനു മുകളിലായിരുന്നു മഴ.

24 മണിക്കൂറിനിടയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് മാനന്തവാടി താലൂക്കിലാണ്–101 മില്ലിമീറ്റർ. വൈത്തിരിയിൽ 53 മില്ലിമീറ്ററും ബത്തേരിയിൽ 32.2 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി. മഴ കുറഞ്ഞ സാഹചര്യത്തിൽ ബാണാസുര സാഗർ, കാരാപ്പുഴ ഡാമുകൾക്ക് താഴെയുള്ള പ്രദേശങ്ങളിലെ സ്‌ഥിതിഗതികൾ ശാന്തമായി തുടങ്ങി. ബാണാസുര ഡാമിന്റെ ഒരു ഷട്ടർ 10 സെന്റിമീറ്റർ തുറന്നതിലൂടെ 1.565 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം ഒഴുക്കി വിടുന്നുണ്ട്. 

wayanad-puthumala-searching
തിരച്ചിൽ നടക്കുന്ന പുത്തുമലയിൽ നിന്നുള്ള ദൃശ്യം.

കാരാപ്പുഴയുടെ 3 ഷട്ടറുകൾ 20 സെന്റിമീറ്റർ വീതം തുറന്നു 35.83 ക്യുബിക് മീറ്റർ വെള്ളം ഒഴുക്കി വിടുന്നുണ്ട്. കബനി റിസർവോയറിലൂടെ മൈസൂരുവിലേക്കും കഴിഞ്ഞ വർഷത്തേക്കാൾ കുടുതൽ വെള്ളം ഒഴുക്കി വിടുന്ന സാഹചര്യത്തിൽ നിലവിൽ അനുഭവപ്പെടുന്ന വെള്ളപ്പൊക്കത്തിനു വരുംദിവസങ്ങളിൽ കുറവു വരും. 

ഗതാഗതം സാധാരണ നിലയിലേക്ക്

കൽപറ്റ ∙ കനത്ത മഴയെ തുടർന്ന് മണ്ണിടിഞ്ഞും വെള്ളംകയറിയും തടസ്സം നേരിട്ട റോഡുകൾ സാധാരണ നിലയിലേക്ക്. ഗതാഗതം പൂർണമായി തടസ്സപ്പെട്ട പക്രംതളം ചുരത്തിൽ ഇന്നലെ രാവിലെയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. പാൽചുരം റോഡിൽ ചെറിയ വാഹനങ്ങൾക്കു കടന്നുപോകാൻ കഴിയുന്ന വിധത്തിൽ തടസ്സം നീക്കി. ബാവലി, കാട്ടിക്കുളം തോൽപെട്ടി, പനമരം, ചുള്ളിയോട്, വടുവൻചാൽ റോഡുകളിലെയും തടസ്സം നീക്കി. പൊൻകുഴിയിലെ വെള്ളക്കെട്ട് ഒഴിവായതോടെ ബത്തേരി–മൈസൂരു റോഡിൽ ഗതാഗതം സാധാരണ നിലയിലായി. 

wayanad-landslide
പടിഞ്ഞാറത്തറ കുറ്റ്യാംവയലിൽ ഉരുൾ പൊട്ടിയ സ്ഥലം.

പനമരം–നടവയൽ റോഡിലെ ഗതാഗത തടസ്സവും പരിഹരിച്ചു. നാടുകാണി ചുരത്തിലും ഗതാഗതം പുനഃസ്ഥാപിച്ചു. അതേസമയം, ഗൂഡല്ലൂർ–ഊട്ടി റോഡ് അടഞ്ഞു കിടക്കുകയാണെന്ന് പൊലീസ് കൺട്രോൾ റൂം അറിയിച്ചു. കൊയിലേരി–വള്ളിയൂർക്കാവ്,  നിരവിൽപുഴ–കുഞ്ഞോം, കോറോം–പാലേരി–കരിമ്പിൽ, പനമരം–ബീനാച്ചി–ബത്തേരി  റോഡുകളിൽ വെള്ളക്കെട്ടുണ്ട്. പടിഞ്ഞാറത്തറ–മാനന്തവാടി റോഡിൽ പുതുശ്ശേരിക്കടവിലെ വെള്ളക്കെട്ട് ഒഴിവായതോടെ ഇതുവഴിയുള്ള ഗതാഗതം സുഗമമായി. 

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama