go

മഴയൊഴിഞ്ഞ നാളിലും ഉരുള്‍ഭീതിയില്‍ മലയോരം

wayanad-remooving-woods
പുത്തുമലയിൽ ഉരുൾപൊട്ടി മണ്ണടിഞ്ഞ സ്ഥലത്ത് വൻ മരങ്ങൾ നീക്കം ചെയ്യുന്നവർ. പുറകിൽ കാണുന്ന വീട്ടിൽ നിന്ന് രക്ഷതേടി പുറത്തിറങ്ങുമ്പോഴാണ് ഹാജിറ അപകടത്തിൽപ്പെട്ട് മരിച്ചത്.
SHARE

കല്‍പറ്റ ∙പേമാരിപ്പെയ്ത്തിനും പ്രകൃതിക്ഷോഭത്തിനും തല്‍ക്കാലത്തേക്ക് അറുതിയായെങ്കിലും ഉരുള്‍പൊട്ടല്‍ ഭീതിയൊഴിയാതെ വയനാട്ടിലെ മലയോരം. ഉയര്‍ന്ന മേഖലകളില്‍നിന്ന് ആളുകളെ‍ ഒഴിപ്പിക്കുന്നതു തുടരുകയാണ്. പുത്തുമലയില്‍ നടത്തിയ തിരച്ചിലില്‍ ഇന്നലെ മൃതദേഹങ്ങളൊന്നും കണ്ടെടുക്കാനായില്ല.ഇടയ്ക്കിടെ പെയ്ത മഴ തിരച്ചില്‍ ദുഷ്കരമാക്കുകയാണ്. തിരച്ചില്‍ തടസ്സപ്പെടുത്തുന്ന വെള്ളക്കെട്ട് ഒഴിവാക്കാന്‍ ജില്ലാ ഭരണകൂടം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ സഹായം തേടി.

ഉരുള്‍പൊട്ടിയെത്തിയ മലവെള്ളം പാലത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബുകളില്‍ തട്ടി ഒഴുക്കു നിലച്ചതുമൂലം ദുരന്തഭൂമിയില്‍ വലിയ ചതുപ്പു രൂപപ്പെട്ടിരിക്കുകയാണ്. ചവിട്ടിയാല്‍ താഴ്ന്നുപോകുന്ന വലിയ കുഴികളില്‍ തിരച്ചില്‍ ഏറെ ദുഷ്കരവും അപായകരവുമാണ്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ സഹായത്തോടെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ പൊളിച്ചുനീക്കി. ഇതോടെ വെള്ളക്കെട്ട് ഒഴിവാക്കി തിരച്ചില്‍ സുഗമമാക്കാനാകുമെന്ന് അധികൃതര്‍ പറഞ്ഞു. പുത്തുമലയിലേക്കു രക്ഷാപ്രവര്‍ത്തകരുടെയും അധികൃതരുടെയുമല്ലാത്ത വാഹനങ്ങള്‍ കടത്തിവിടേണ്ടെന്നാണു തീരുമാനമെന്ന് സബ് കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ്ബാബു പറഞ്ഞു.

ഉരുള്‍പൊട്ടിയ സ്ഥലം കാണാന്‍ ആളുകള്‍ കൂട്ടമായെത്തുന്നത് ഇങ്ങോട്ടുള്ള വഴികളില്‍ ഗതാഗതതടസ്സമുണ്ടാക്കുന്നുണ്ട്. 11 മണ്ണുമാന്തിയന്ത്രങ്ങള്‍ ഉപയോഗിച്ച് രാവിലെമുതല്‍ തിരച്ചില്‍ ഊര്‍ജിതമായി നടക്കുകയാണ്. ഇന്നലെ 6 യന്ത്രങ്ങളേ ഉണ്ടായിരുന്നുള്ളൂ. മഴ മാറിനില്‍ക്കുന്നത് തിരച്ചിലിനു സഹായകരമാകുന്നുണ്ടെങ്കിലും വെള്ളക്കെട്ടും ചതുപ്പുമാണു പ്രധാന തടസ്സം. തിരച്ചില്‍ ഇന്നും തുടരും. ഇപ്പോഴും 212 ക്യാംപുകളിലായി 35470 പേര്‍ കഴിയുന്നു. പുത്തുമലയിലെ ദുരന്തഭൂമിയില്‍ തിരച്ചില്‍ ഇന്നലെയും തുടര്‍ന്നെങ്കിലും മൃതദേഹങ്ങളൊന്നും കണ്ടെത്താനായില്ല.

നാടുകാണി ഒഴികെ എല്ലാ ചുരങ്ങളിലും റോഡ് ഗതാഗതം സുഗമമാണ്. പ്രളയശേഷം പലയിടത്തും സോയില്‍ പൈപ്പിങ് പ്രതിഭാസം രൂപപ്പെട്ടുതുടങ്ങി. ബാണാസുര, കാരാപ്പുഴ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിരിക്കുകയാണെങ്കില്‍ നിലവില്‍ പ്രളയഭീതിയില്ല. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിഞ്ഞ ദിവസങ്ങളെക്കാള്‍ സാധനങ്ങള്‍ എത്തിത്തുടങ്ങുന്നുണ്ടെങ്കിലും ചിലയിടങ്ങളില്‍ അപര്യാപ്തതയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു വയനാട് സന്ദര്‍ശിക്കും. 

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama