go

ക്യാംപുകളിൽനിന്ന് ആളുകൾ മടങ്ങുമ്പോഴേക്കും വീടുകൾ താമസയോഗ്യമാക്കണം: മുഖ്യമന്ത്രി

wayanad-minister
മുഖ്യമന്ത്രി പിണറായി വിജയൻ വയനാട് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാംപിലെത്തിയപ്പോൾ. സി.കെ. ശശീന്ദ്രൻ എംഎൽ‌എ, മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, ഇ. ചന്ദ്രശേഖരൻ എന്നിവർ സമീപം. ചിത്രം: മനോരമ
SHARE

മേപ്പാടി∙ ദുരിതാശ്വാസ ക്യാംപുകളിൽനിന്ന് ആളുകൾ തിരിച്ചു പോകുമ്പോഴേക്കും അവരുടെ വീടുകൾ താമസയോഗ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. തദ്ദേശ സ്ഥാപനങ്ങൾ ഇതിനായി മുന്നിട്ടിറങ്ങണം. കിണറുകൾ ശുചീകരിച്ച് ശുദ്ധമായ കുടിവെളളം ഉറപ്പ് വരുത്തണം. ആവശ്യമെങ്കിൽ ടാങ്കർ ലോറികളിൽ കുടിവെളളമെത്തിക്കണം. റോഡുകളിലെ തടസ്സം നീക്കാനുളള നടപടികൾ വേഗത്തിലാക്കണമെന്നും കലക്‌ടറേറ്റിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യാഗസ്ഥരുടെയും യോഗത്തിൽ നിർദേശം നൽകി.

തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്ററിൽ ബത്തേരിയിൽ ഇറങ്ങിയാണ് മുഖ്യമന്ത്രിയും സംഘവും മേപ്പാടിയിലെ ദുരിതാശ്വാസ ക്യാംപിലെത്തിയത്. ‘രക്ഷാപ്രവർത്തനത്തിനാണ് ഇപ്പോൾ നമ്മുടെ പ്രഥമ പരിഗണന. ഒട്ടേറെ പേരെ ദുരന്തമുഖത്തു നിന്ന് രക്ഷിച്ചെടുക്കാൻ സാധിച്ചിട്ടുണ്ട്. ഇനിയും കുറച്ചു പേരെ കണ്ടെത്താനുണ്ട്. വീട്, ഭൂമി, കൃഷി എന്നിങ്ങനെയുള്ള നഷ്ടങ്ങൾക്ക് ഉടൻതന്നെ സർക്കാർ പരിഹാരം കാണും’– ക്യാംപിൽ നടത്തിയ ചെറുപ്രസംഗത്തിൽ മുഖ്യമന്ത്രിയുടെ ഉറപ്പ്.

മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ.ശശീന്ദ്രൻ എന്നിവരും എംഎൽഎമാരായ സി.കെ.ശശീന്ദ്രൻ, ഒ.ആർ.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ചീഫ് സെക്രട്ടറി ടോം ജോസ്, ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി വിശ്വാസ്‌ മേത്ത, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി.വേണു, സ്‌പെഷൽ ഓഫിസർ യു.വി. ജോസ്, കലക്ടർ എ.ആർ. അജയകുമാർ, സർവേ ഡയറക്ടർ വി.ആർ‍. പ്രേംകുമാർ, സബ് കലക്ടർ എൻ.എസ്.കെ. ഉമേഷ്, തലശ്ശേരി സബ് കലക്ടർ ആസിഫ് കെ. യൂസഫ് തുടങ്ങിയവരും ക്യാംപിലെത്തി. 

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama