go

വെള്ളമുണ്ടയിലെ സയനൈഡ് കൂട്ടക്കുരുതി; പ്രസാദമായി മദ്യം, കൂട്ടക്കുരുതിക്ക് ഒരു വയസ്സ്

Blood-crime
SHARE

കൽപറ്റ ∙ കൂടത്തായിയിലെ സയനൈഡ് കൊലപാതകങ്ങൾ വാർത്തകളിൽ ഇടംപിടിക്കുമ്പോൾ വെള്ളമുണ്ടയിലെ സയനൈഡ് കൂട്ടക്കുരുതിക്ക് ഒരു വയസ്സ് തികയുന്നു. 2018 ഒക്ടോബർ 8നാണു വെള്ളമുണ്ട മൊതക്കരയ്ക്കു സമീപം കൊച്ചറ  കാവുംകുന്ന് കോളനിയിലെ മന്ത്രവാദിയടക്കമുള്ള 3 പേർ പൊട്ടാസ്യം സയനൈഡ് കലർത്തിയ മദ്യം അകത്തുചെന്നു മരിച്ച കേസിലെ പ്രതി പാലത്തിങ്കൽ പി.പി. സന്തോഷിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. മന്ത്രവാദി തികിനായി (75), മകൻ  പ്രമോദ്(30)  മരുമകൻ പ്രസാദ്(35) എന്നിവർ മരിച്ചത് ആളുമാറിയുള്ള കൊലപാതകമെന്നു തെളിഞ്ഞതിനെത്തുടർന്നായിരുന്നു അറസ്റ്റ്.

മദ്യം കോളനിയിൽ എത്തിച്ച് നൽകിയതിനു വെള്ളമുണ്ട പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്ത മാനന്തവാടി സ്വദേശി സജിത് കുമാറി(39) നെ പിന്നീട് പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി. 2018 സെപ്തംബർ 29നായിരുന്നു കേസിനാസ്പദമായ സംഭവം. തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധമുണ്ടെന്ന സംശയത്തിലാണു സജിത്കുമാറിനെ കൊല്ലാൻ സന്തോഷ് തീരുമാനിക്കുന്നത്. 2014 ൽ സന്തോഷിന്റെ ഭാര്യാ സഹോദരൻ സതീശൻ ജീവനൊടുക്കിയതിനു പിന്നിൽ സജിത്കുമാറും സതീശന്റെ ഭാര്യയുമായുള്ള വഴിവിട്ട ബന്ധമാണെന്ന് സതീശന്റെ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നതും വൈരാഗ്യം വർധിക്കാൻ കാരണമായി.

സജിത്കുമാറിനു കൈമാറാനായി വാങ്ങിയ മദ്യത്തിൽ, സന്തോഷ് താൻ ജോലി ചെയ്യുന്ന സ്വർണക്കടയിൽനിന്നെടുത്ത പൊട്ടാസ്യം സയനൈഡ് ചേർക്കുകയും ചെയ്തു. എന്നാൽ ഇൗ വിവരം അറിയാതെ സജിത്കുമാർ ഗുളികൻ സേവയ്ക്കുള്ള പ്രസാദമായി തികിനായിക്ക് ഈ മദ്യം നൽകി. ഇതു കഴിച്ചാണു തികിനായിയും മകനും ബന്ധുവും മരിച്ചത്. മദ്യം കഴിച്ചയുടനെ കുഴഞ്ഞുവീണ തികിനായിയുടെ മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് ബന്ധുക്കൾ ആദ്യം കരുതിയിരുന്നില്ല.

തികിനായി മരിച്ചശേഷം തിരിച്ചു വീട്ടിലെത്തിയ പ്രസാദും പ്രമോദും ബാക്കി വന്ന മദ്യം കഴിക്കുകയും ഇരുവരും ഉടൻ തന്നെ മരിക്കുകയുമായിരുന്നു. പട്ടികവിഭാഗക്കാർക്കെതിരെയുള്ള അതിക്രമങ്ങൾ അന്വേഷിക്കുന്ന സ്‌പെഷ്യൽ മൊബൈൽ സ്‌ക്വാഡ് ഡിവൈഎസ്പി കെ.പി. കുബേരനാണു പ്രതിയെ അറസ്റ്റ് ചെയ്തത്. ജില്ലാ ജയിലിൽ 3 മാസം റിമാൻഡിലായിരുന്ന സന്തോഷ് ഇപ്പോൾ ജാമ്യത്തിലാണ്. എറണാകുളം പറവൂർ സ്വദേശിയായ സന്തോഷ് മാനന്തവാടിയിലെ സ്വർണക്കടയിൽ പണിക്കാരനായിരുന്നു.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama