go

ഒന്നിനുപുറകെ ഒന്നായി പാമ്പുകളെത്തുന്ന വീട്; വെള്ളിക്കെട്ടനെ പിടിച്ചത് കൈകൊണ്ട്

Wayanad News
സുനിതയുടെ വീട്ടിൽ നിന്ന് പിടികൂടിയ പാമ്പ്
SHARE

ബത്തേരി∙ സുനിതയുടെ വീട്ടിലേക്ക് ഒന്നിനുപുറകെ ഒന്നായി പാമ്പുകളെത്തുകയാണ്. അതും കൊടും വിഷമുള്ള മൂർഖനും വെള്ളിക്കെട്ടനുമൊക്കെ. ഇടയ്ക്കു  ചേരകളും. അടുക്കളയിലുള്ള പാമ്പിനെ പിടികൂടി  കാട്ടിൽ വിട്ടയച്ചു തിരികെയെത്തി  നെടുവീർപ്പിടുമ്പോഴാകും കട്ടിലിനടിയിൽ നിന്നു മറ്റൊന്ന് ഇഴഞ്ഞെത്തുക. ചുമരിലെ വിടവിൽ പാമ്പിന്റെ വാലനക്കം കണ്ട് ഭിത്തി തന്നെ പൊളിച്ചു മാറ്റി.

Wayanad News
സുനിതയും മകള്‍ നന്ദനയും പാമ്പുകളെത്തുന്ന വീട്ടില്‍

പുറത്തു ചാടിയത് മൂന്നു വെള്ളിക്കെട്ടനുകൾ ഒന്നിച്ച്. ഒടുവിൽ ഗത്യന്തരമില്ലാതെ വീടുതന്നെ ഉപേക്ഷിക്കേണ്ടി വന്നു  ആ സാധുകുടുംബത്തിന്. ബത്തേരി താലൂക്ക് ആശുപത്രിക്കു സമീപം ഫെയർലാന്റിൽ താമസിക്കുന്ന തയ്യിൽ സുനിതയുടെ കുടുംബത്തിനാണ് ഈ ദുർഗതി.ഭർത്താവ് അശോകൻ 8 മാസം മുൻപ് അപകടത്തിൽ മരിച്ചു.

മക്കളായ പ്ലസ്ടു വിദ്യാർഥി പവനും പ്ലസ് വൺ വിദ്യാർഥി നന്ദനയുമാണ് സുനിതയോടൊപ്പമുള്ളത്. നാലര സെന്റിലെ വീട് ഉപേക്ഷിച്ച് സഹോദരിയുടെ വീട്ടിലാണ് ഇപ്പോഴിവർ. സഹോദന്റെ ഭക്ഷണശാലയിൽ സഹായത്തിനു നിൽക്കുന്ന സുനിതയ്ക്കു മറ്റൊരു വീട് വാടകയ്ക്കെടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. മൂന്നു വർഷം മുൻപാണ് സുനിതയുടെ വീട്ടിലേക്കു പാമ്പുകളെത്തിത്തുടങ്ങിയത്.

അന്നു അടുക്കളയിലാണ് വെള്ളിക്കെട്ടനെ കണ്ടത്. ഭർത്താവ് പാമ്പിനെ പിടികൂടി കവറിലാക്കി ദൂരെ കാട്ടിൽ വിട്ടു. നാലുമാസം കഴിഞ്ഞ് വീണ്ടുമെത്തി മറ്റൊരു വെള്ളിക്കെട്ടൻ. പിന്നീട് ഇഴഞ്ഞെത്തുന്ന അതിഥികളുടെ എണ്ണം കൂടി. വീടിനകത്തും തട്ടിൻ പുറത്തും മുറ്റത്തും വഴിയിലുമെല്ലാം വിഷപ്പാമ്പുകളെ കാണാൻ തുടങ്ങി. 15 വിഷപ്പാമ്പുകള്‍ വന്നതായി ഓര്‍ക്കുന്നുണ്ടെന്നാണ് സുനിത പറയുന്നത്.   

പാമ്പുകളെ ഭയന്നു വീട് ഒഴിയേണ്ടി വന്ന സുനിതയ്ക്കും കുടുംബത്തിനും മറ്റൊരു വീട് ഉണ്ടാക്കാൻ സുമനസ്സുകളുടെ സഹായമുണ്ടെങ്കിലേ കഴിയൂ. ബത്തേരി നഗരസഭാ അധ്യക്ഷന്‍ ടി. എല്‍ .സാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ സുനിതയുടെ വീട് സന്ദര്‍ശിച്ചു.പാമ്പെത്തുന്ന വീട്ടില്‍ താമസിക്കരുതെന്നും  പുതിയ വീട് അനുവദിക്കാനുള്ള കാര്യങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിക്കെട്ടനെ പിടിച്ചത് കൈകൊണ്ട്

സുനിതയുടെ മകൾ പതിനൊന്നാം ക്ലാസുകാരി നന്ദന വീടിന്റെ ഉമ്മറത്ത് നിൽക്കുമ്പോൾ മുറ്റത്ത് ഉഗ്ര വിഷമുള്ള വെള്ളിക്കെട്ടന്‍. വീടിന്റെ തറയോടു ചേർന്ന ദ്വാരത്തിലൂടെ ഉള്ളിലേക്ക് പോകാന്‍ തുടങ്ങിയ അതിനെ ഓടിച്ചെന്ന്  വാലിൽ പിടിച്ചു വലിച്ചു. നന്ദന ഒറ്റയ്ക്കു തന്നെ പ്ലാസ്റ്റിക് ഭരണിയെടുത്തു കൊണ്ടു വന്ന് അതിനുള്ളിലാക്കി അടച്ചു.

അമ്മ വരുമ്പാള്‍ പാമ്പിനെ ഭരണിയിലാക്കി ഇരിക്കുകയാണ് മകള്‍.ഇത്രയേറെ പാമ്പുകള്‍ വന്നിട്ടും ഒന്നിനെയും ഇതുവരെ കൊന്നിട്ടില്ലെന്നും ഒരു പാമ്പുപോലും വീട്ടിലാരെയും കടിച്ചില്ലെന്നും നന്ദന പറയുന്നു. അയൽപക്കത്തെ വീടുകളിലൊന്നും പാമ്പുശല്യം തീരെയില്ലെന്നതാണ് മറ്റൊരു വിസ്മയം.

MORE IN WAYANAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama